ഗ്രാമവും നഗരവും; പ്രത്യക്ഷ ദര്‍ശനം .......
ഇന്ന് തൃശ്ശൂര്‍ ടൌണിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. തൃശൂരിന് സമീപം സ്ഥിതി ചെയ്യുന്നതെങ്കിലും 'അരിമ്പൂര്‍' എന്ന താരതമ്യേന നാട്ടു പ്രദേശത്തുനിന്നും ആണു യാത്ര. നമ്മടെ സ്വന്തം സ്ഥലമായ ഇരിഞ്ഞാലക്കുടയും ഇതിനേക്കാള്‍ നാട്ടു പ്രദേശം തന്നെ. ജീവല്‍ ഭയം ഉള്ളതുകൊണ്ടും വാഹനം ഓടിക്കുമ്പോള്‍ പരമാവധി മര്യാദയും നിയമവും നോക്കാറുണ്ട്. എന്‍റെ നാട്ടിലെ ഭൂരിപക്ഷവും അങ്ങിനെതന്നെ. അതുകൊണ്ടുതന്നെ മിക്കവാറും ശാന്തവും സുന്ദരവും ആകും ഹ്രസ്വമെങ്കിലും ഡ്രൈവിംഗ്. ആ അനുഭവ സമ്പത്തുമായാണ് തൃശൂര്‍ യാത്ര. തൃശൂരിന് അടുത്ത് 'ഒളരിക്കര' എത്തിയപ്പോഴേക്കും ശുഭ സൂചന ലഭിച്ചു തുടങ്ങി. ഒരു 'ചുള്ളന്‍' ലെഫ്റ്റ് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു കയറി. ഒരു നിമിഷം തകര്‍ന്നു പോയെങ്കിലും, ഏതൊരു നിഷ്കളങ്കനേയും പോലെ 'ഏതവനാടാ നിനക്ക് ലൈസന്‍സ് തന്നതെന്ന' നാടന്‍ ചോദ്യം എന്നില്‍ നിന്നുത്ഭവിച്ചു. അവന്‍ ഒന്ന് ഇളകുക പോലും ചെയ്യാതെ ഏകാഗ്രമായി പാഞ്ഞു. നാട്ടിലാണെങ്കില്‍ 'അച്ഛനെ' ഓര്‍മ്മിപ്പിക്കുന്ന മറുപടി കിട്ടാമായിരുന്ന ആ ചോദ്യത്തിലും 'ചുള്ളന്‍' പുലര്‍ത്തിയ മൌനത്തില്‍ ആദരവ് തോന്നി. ചെയ്ത തെറ്റിലുള്ള പശ്ചാത്താപം ആയിരിക്കാം അവനെ മൌനിയാക്കിയത്. അല്ലെങ്കില്‍ ഭയമായിരിക്കാം എന്നും ഉറപ്പിച്ചു. ടൌണില്‍ എത്തിയപ്പോഴാണ് യഥാര്‍ത്ഥ ചിത്രം തെളിഞ്ഞു തുടങ്ങിയത്. ലേര്‍ണിംഗ് കിട്ടാന്‍ വേണ്ടി പഠിച്ച നിയമങ്ങളെല്ലാം ഒന്നായി തികട്ടാന്‍ തുടങ്ങി. സ്വന്തം വാഹനം ഓടിക്കുക എന്നതിന് മുന്നില്‍ മറ്റൊന്നും ഈ റോഡുകളില്‍ ചിലവാകില്ല. തലങ്ങും വിലങ്ങും ഓടിക്കുക. വിയര്‍ത്തു തുടങ്ങി. ശീലിച്ച ന്യായവും നിയമവും കാരണം ഓരോ റോഡും മുറിച്ചു കടക്കുന്നതിനു അരമണിക്കൂര്‍ വീതം നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. അന്തവും കുന്തവുമില്ലാത്ത 'ഗഡികള്‍' സുന്ദരമായി നിമിഷങ്ങള്‍ക്കകം കാര്‍, ബൈക്ക് ഭേദമെന്യേ റോഡ് മുറിച്ചു കടക്കുന്ന അഭ്യാസം ശ്വാസം വിഴുങ്ങി, വാ പൊളിച്ചു നോക്കി നിന്നു. എനിക്ക് നില്‍പ്പ് മാത്രമേ ഉണ്ടാകൂ എന്നുറപ്പായപ്പോള്‍ ഭരദൈവങ്ങളെ മനസ്സില്‍ ഓര്‍ത്തു ഞാനും ആ പാതകം ചെയ്തു. ഒരു ഓട്ടോറിക്ഷക്കാരന്‍ വണ്ടി നിറുത്തി 'ഉരച്ചോ' എന്ന് നോക്കുന്നത് റിയര്‍വ്യൂവിലൂടെ കണ്ടു. ഒരു നീച പ്രവര്‍ത്തി ചെയ്ത പാപബോധം കൊണ്ട് ഇനി ആവര്‍ത്തിക്കില്ലെന്നു ഉറപ്പിച്ചു. മനസൊന്നടങ്ങിയപ്പോള്‍, വീണ്ടും ഒരു റോഡിനു അപ്പുറം കടക്കാന്‍ കരുണ കാത്തു നില്‍ക്കുന്നതിനിടയില്‍ ഉച്ചവെയിലില്‍, നടുറോഡില്‍, ബൈക്കില്‍ കൈകുത്തി ഇരുന്നു ആലോചിച്ചു. നഗരങ്ങളില്‍ എല്ലാവര്‍ക്കും അവനവന്‍റെ ജീവിതം. അതിലേക്കു എത്രയും വേഗം എത്തിച്ചേരാന്‍ ശ്രമിക്കുക മാത്രം. വൈകിയാല്‍ നഷ്ടം അവനവന് മാത്രം. അവിടെ നിയമങ്ങള്‍ ഇല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. അത് കേള്‍ക്കാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ അത്രയും വൈകും. ജീവിതത്തില്‍ ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ. സത്യം പറഞ്ഞാല്‍ ഇവരോടൊക്കെ ബഹുമാനം തോന്നി. കാലം ആവശ്യപ്പെടുന്ന ജീവിതം പുലര്‍ത്തുന്നവരോട്. ലക്ഷണം കാണിച്ചു ഒളരിക്കരയില്‍ നിയമം തെറ്റിച്ചു ഓവര്‍ടേക്ക് ചെയ്ത 'ചുള്ളന്‍' ഒരിക്കല്‍ കൂടി മനസ്സില്‍ പാഞ്ഞു..................

No comments:
Post a Comment