അന്യ ഗൃഹാതുരത്വം...........
മക്കളുടെ ആശുപത്രി വാസവും തുടര്‍ പരിശോധനകളും വിശ്രമവും കാരണം 3 ആഴ്ചയായി തൃശൂര്‍വാസിയായിരുന്നു. സ്ഥലം കൃത്യമാക്കിയാല്‍ അരിമ്പൂരില്‍. തൃശൂര്‍ ടൌണില്‍ നിന്ന് ഏറിയാല്‍ 10 മിനുട്ട് മാത്രം. സഹോദരിയും കുടുംബവും അവിടെയാണ് താമസം. പുതിയ വീട് പണി നടക്കുന്നതിനാല്‍ സമീപമുള്ള വാടക വീട്ടിലാണ് സഹോദരി താമസം. ഞാനും ഭാര്യയും അമ്മയും മക്കളും അവിടെ കൂടി. (അച്ഛന്‍ കോട്ടക്കലില്‍ പതിവ് വര്‍ഷകാല ചികിത്സയിലാണല്ലോ). സഹോദരിയും ഭര്‍ത്താവും രണ്ടു മക്കളും ഭര്‍തൃമാതാവും അവിടെയുണ്ട്. വലിയ വീടല്ലാത്തതിനാല്‍ പോകുമ്പോള്‍ ചെറിയ സംശയം ഉണ്ടായിരുന്നു. നിന്ന് തിരിയാന്‍ സ്ഥലമുണ്ടാകുമോ?. പക്ഷെ രണ്ടു ദിവസംകൊണ്ട് എല്ലാം ഓക്കേ. രണ്ടാഴ്ച എല്ലാവരും ഒന്നിച്ചു കൂടി. ക്രമേണ അരിമ്പൂര്‍ എനിക്ക് അരി(ശത്രു)യല്ലാതായി, സ്വന്തം ഊരായി. ടൌണിനു സമീപമെങ്കിലും തനി നാട്ടു പ്രദേശം. നല്ല പച്ചപ്പ്. യാതൊരു മോടികളുമില്ലാത്ത രണ്ടു, മൂന്നു ക്ഷേത്രങ്ങള്‍. കപ്പലുപള്ളി എന്ന പ്രശസ്തമായ ക്രൈസ്തവ ദേവാലയം. അത്യാവശ്യം കടകള്‍. സര്‍വ്വോപരി നിശബ്ദം. ഇന്ന് വൈകീട്ടോടെ തിരിച്ചു ഇരിഞ്ഞാലക്കുടയിലെത്തി. സ്വന്തം നാട്ടില്‍, സ്വന്തം വീട്ടില്‍. പക്ഷെ എന്തോ മനസിനൊരു വിഷമം. അരിമ്പൂര്‍ വിട്ടകലുന്നില്ല. ഒരു സംശയം ബാക്കിയാകുന്നു, എന്താണ് ഗൃഹാതുരത്വം.........?
No comments:
Post a Comment