ദാശരാജനും ഞാനും.......
പുരാണം വായിച്ചു തുടങ്ങിയത് മുതല്‍ കണ്ടു തുടങ്ങിയതാണ് മത്സ്യബന്ധന ജീവിതങ്ങളുടെ കഥകള്‍. സത്യയുഗത്തിന്‍റെ ആരംഭത്തില്‍ ശ്രീമാന്‍ മനു ആയിരിക്കും അറിയാതെയെങ്കിലും ഈ ജോലിക്ക് തുടക്കം കുറിച്ചത്. അദ്ദേഹം നദിയിലിറങ്ങി നാമം ചൊല്ലികൊണ്ടിരുന്നപ്പോള്‍ കയ്യില്‍ ഒരു മീന്‍ വന്നു കയറിയത്രേ. അതുവെറും ഫിഷ് ആയിരുന്നില്ല. സാക്ഷാല്‍ 'ഫിഷ്ണു' ആയിരുന്നു. കമലഹാസന് മുന്‍പ് പത്തു ഗറ്റപ്പില്‍ വന്ന മഹാവിഷ്ണുവിന്‍റെ ഫസ്റ്റ് ഗറ്റപ്പ്. ആ കഥ വായിച്ചുകഴിഞ്ഞു രാമായണം കയ്യിലെടുത്തപ്പോള്‍ അതിലും ഒരു സൂപ്പര്‍ കഥാപാത്രം. സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍റെ ഉറ്റ സ്നേഹിതന്‍ മത്സ്യബന്ധന തൊഴിലാളി യൂണിയനുകളുടെ അഖിലേന്ത്യാ നേതാവ് ശ്രീയുത് ഗുഹന്‍ അവര്‍കള്‍ ആണു ഈ വിഭാഗത്തില്‍ ആദ്യം മനസിലെ ഗുഡ്ബുക്കില്‍ കയറി പറ്റിയത്. പിന്നീട് അതാ മഹാഭാരതത്തിലും. വേദങ്ങള്‍ വെടുപ്പാക്കി എടുത്ത കൃഷ്ണദ്വൈപായനന്‍ ഏലിയാസ് വ്യാസന്‍ അവര്‍കളുടെ താവഴി കുലത്തൊഴിലും ഇത് തന്നെ ആയിരുന്നുവത്രേ. കഴിഞ്ഞില്ല മഹാഭാരതത്തിനു തന്നെ ഒരു കാരണമായി രചയിതാവ് വ്യാസന്‍ അവര്‍കള്‍ സൂചിപ്പിച്ചിരിക്കുന്നത് തന്‍റെ അമ്മയായ സത്യവതിയെ ശന്തനു കണ്ടതാണല്ലോ. അമ്മ ശന്തനു മഹാരാജിന്‍റെ ജീവിതത്തിലും രാജ്യത്തിലും കയറി കളിച്ചതോടെയാണ് ഈ മഹാപുസ്തകം എഴുതാനുള്ള ഐറ്റംസ് അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് പല പുരാണകഥകളിലും മുക്കുവ വിഭാഗക്കാര്‍ ക്ലൈമാക്സില്‍ എത്തുന്നുണ്ട്. ഒരു മീന്‍ വലയില്‍ കുടുങ്ങുന്നു. കറി വയ്ക്കാനായി വെട്ടുമ്പോള്‍ വയറ്റില്‍ രണ്ടു കുട്ടികള്‍. ക്ലാ, ക്ലാ.ക്ലീ, ക്ലീ, ക്ലൂ, ക്ലൂ......കഴിഞ്ഞില്ല ഈ നശിച്ച കലിയുഗത്തില്‍ 'നാലമ്പലം' എന്നൊരു സാധനം ഇല്ലായിരുന്നെങ്കില്‍ കര്‍ക്കിടകത്തില്‍ ഭക്ത ശിരോമണികള്‍ ഇവിടെ പോയി ക്യൂ നിന്നേനെ. ആ നാലമ്പലം പണിയാനും പുണ്യം വാങ്ങി തരാനും കാരണം ഈ ടീംസ് അല്ലെ. അവര്‍ കടലില്‍ എറിഞ്ഞ വലയില്‍ നാല് വിഗ്രഹങ്ങള്‍ തടഞ്ഞതോണ്ടല്ലേ 'വാക്കയില്‍ കൈമള്‍' നാലമ്പലം പണിഞ്ഞത്. ഇപ്പൊ മുട്ടിനു മുട്ടിനു ആയെങ്കിലും. എല്ലാംകൊണ്ടും 100 ശതമാനം സംവരണം അവകാശപ്പെട്ട ഈ വിഭാഗത്തിന്‍റെ ഇപ്പോഴത്തെ രൂപം സത്യത്തില്‍ ഇന്നാണ് ശ്രദ്ധിച്ചത്. സൂപ്പര്‍ ഒരു ബൈക്ക്. അസ്സല്‍ ഒരു ബര്‍മുഡയും ബനിയനും. പഴയ കൂവലിനു മാത്രം ചോയ്സ് ഇല്ല. അങ്ങിനെ ഒരു ദാശരാജനെ ഇന്ന് പരിചയപ്പെട്ടു. ഫോട്ടോ എടുക്കട്ടെ എന്ന് മാത്രമേ ചോദിച്ചുള്ളൂ, അദ്ദേഹം നമ്മളെ മലര്‍ത്തിയടിച്ചു പോസ് ചെയ്തു. ഞാന്‍ താങ്ക്സ് പറഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം അടിച്ചു, കലക്കി പാസ്ബുക്കില്‍ ഇട്ടോ. ചേട്ടാ, പാസ്ബുക്കല്ല, ഫെയ്സ്ബുക് എന്ന് എനിക്ക് തെറ്റാതെ ഒരു വിധം പറഞ്ഞൊപ്പിച്ചു. ആ, പിള്ളേര്‍ പറയാറുണ്ട്. രാജന്‍ വില കല്‍പ്പിക്കാതെ വാഹനത്തില്‍ കയറി. രാജന്‍, അങ്ങയുടെ പേര് ?. വീണ്ടും ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം മൊഴിഞ്ഞു, 'വിനോദ്'................
No comments:
Post a Comment