'മാരന്‍' എന്നാല്‍ കാമദേവനെന്നര്‍ത്ഥം. മാരാരി എന്നാല്‍ ശിവനും. മാരാരീഭക്തനായ ശങ്കരന്‍ എന്ന ഒരു മലയാളി വേദാന്തജ്ഞാനം കൊണ്ട് ലോകത്തിന്‍റെ നെറുകയിലെത്തി. മാരാരായ ശങ്കരന്‍ എന്ന മറ്റൊരു മലയാളി തന്‍റെ വാദ്യജ്ഞാനം കൊണ്ട് ലോകാദരണീയന്‍ ആയിരിക്കുന്നു. തീര്‍ന്നി ല്ല സാമ്യം, ആദി ശങ്കരനെ അനുധാവനം ചെയ്യാന്‍ പദ്മപാദര്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ശങ്കരന്‍റെ പേരിനൊപ്പവും പദ്മം ഉണ്ട്. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍. കൈരളിയുടെ വാദ്യ പ്രജാപതി. ഉത്തരേന്ത്യക്കാര്‍ അടക്കി ഭരിച്ചിരുന്ന ഭാരതത്തിലെ വാദ്യ പ്രപഞ്ചത്തിലേക്ക് ഒരു ഷര്‍ട്ട് പോലും ഇടാതെ ചെണ്ടയും തൂക്കി നടന്നു കയറി കേരളത്തിന്‍റെ മുഴക്കം സൃഷ്ടിച്ചു മട്ടന്നൂര്‍.
ഒരു അടിയന്തിരകൊട്ടുകാരനായി തുടങ്ങിയതാണ് കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശി ശങ്കരന്‍റെ ജീവിതം. മട്ടന്നൂര്‍ ക്ഷേത്രത്തിലെ അടിയന്തിര കൊട്ടുകാരനായിരുന്ന പിതാവ് കുഞ്ഞികൃഷ്ണമാരാര്‍ ആയിരുന്നു ശങ്കരന്‍റെ ആദ്യ ഗുരു. അടിയന്തിരം നിവര്‍ത്തിക്കാന്‍ ഒരാള്‍ എന്ന് മാത്രമേ അച്ഛനും സങ്കല്‍പ്പിചിരുന്നുള്ളൂ. ക്ഷേത്രത്തിലെ പരിമിതികള്‍ക്കുള്ളില്‍ ശങ്കരന്‍ കൊട്ടിയത് കേട്ട നാട്ടുകാരാണ് ശങ്കരനില്‍ കൂടുതല്‍ മനസിരുത്താന്‍ അച്ഛനെ ഉപദേശിക്കുന്നത്. അങ്ങിനെയാണ് ചെണ്ട വിദ്യാര്‍ഥിയായി പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍ എത്തിയത്. കഥകളി ചെണ്ട വിദ്യാര്‍ഥിയായി അഭ്യാസം തുടങ്ങിയതോടെയാണ് തന്‍റെ കയ്യിലിരിക്കുന്ന വാദ്യത്തിന് സാധ്യതകള്‍ കൂടുതലുണ്ടെന്ന് ആ കുട്ടി മനസിലാക്കിയത്. പല്ലശന ചന്ദ്രമന്നാടിയാരും സദനം വാസുദേവനും അടങ്ങുന്ന പ്രതാപികളായ ഗുരുക്കന്മാരുടെ കീഴില്‍ കളങ്കമേശാത്ത വിദ്യ പഠിക്കാന്‍ ശങ്കരന് ആയി. കീഴ്പടത്തില്‍ കുമാരന്‍ നായരേയും സദനം കൃഷ്ണന്‍കുട്ടിയെയും പോലുള്ള അധ്വാനികളുടെ കനത്ത ചൊല്ലിയാട്ട കളരികളില്‍ ശങ്കരന്‍ കൊട്ടിതെളിഞ്ഞു. അത് പൂര്‍ത്തിയാക്കിയപ്പോഴേക്കും സദനത്തില്‍ ഇടക്ക കൊട്ടിയിരുന്ന പട്ടരാത്ത് ശങ്കരമാരാരുടെ കീഴില്‍ ഇടക്കയില്‍ പഠനം നടത്താന്‍ ശങ്കരന് ആഗ്രഹമുണ്ടായി, അതിനു മാര്‍ഗ്ഗവുമുണ്ടായി. ശങ്കരമാരാര്‍ കൊച്ചു ശങ്കരന് വീട്ടില്‍ വച്ചു അഭ്യസനം നടത്തി. ശങ്കരമാരാരുടെ മകനും ഇടയ്ക്കയിലും ചെണ്ടയിലും പ്രശസ്തനാണ്. സാക്ഷാല്‍ പല്ലാവൂര്‍ അപ്പു മാരാര്‍. കഥകളി കോട്ടില്‍ ഉയര്‍ന്നു വന്ന സദനം ശങ്കരന്‍കുട്ടി ഇന്നുള്ള വിശ്വരൂപത്തിലെക്കെത്തിയത്തിനു വിപരീരാര്‍ത്ഥത്തില്‍ നന്ദി പറയേണ്ടത് ഒരു കഥകളി ആചാര്യനോടാണ്. അദ്ദേഹം സൃഷ്ടിച്ച ഒരു വേദനയാണ് മട്ടന്നൂരിനെ വഴി മാറ്റിയത്. കീഴ്പടം കുമാരന്‍ നായര്‍ അടക്കമുള്ള തലമുതിര്‍ന്ന ആചാര്യന്മാര്‍ അംഗീകരിച്ച മട്ടന്നൂരിന്‍റെ കളികൊട്ടില്‍ ഒരു നടന്‍ അതൃപ്തി പ്രകടിപ്പിച്ചു. അതും പരസ്യമായി. ഈ പ്രവര്‍ത്തിയില്‍ ന്യായം തോന്നാതെ മട്ടന്നൂര്‍ പിന്നീട് വരാവുന്ന ബാധ്യതകള്‍ മുന്നില്‍ കണ്ടു. കഴിവല്ല താന്‍പോരിമയാകും കഥകളിയരങ്ങില്‍ ഇനിയുള്ള കാലം എന്ന് മട്ടന്നൂര്‍ മനസിലാക്കി. അതോടെയാണ് മട്ടന്നൂരിന് കളിക്കൊട്ടില്‍ വിരക്തിവരാന്‍ തുടങ്ങിയത്. ശ്രദ്ധ പതിയെ മറ്റു വാദ്യ മേഖലയിലേക്ക് തിരിഞ്ഞു തുടങ്ങി. ഒടുവില്‍ അത് തായമ്പകയില്‍ നിമഗ്നമായി.
'പ്രൊഫഷണലിസം' എന്ന പദം തിരിച്ചറിഞ്ഞ അത്യപൂര്‍വ്വം കേരളീയ കലാകാരന്മാരില്‍ ഒരാളാണ് മട്ടന്നൂര്‍. അതിനു പല മാനങ്ങളുണ്ട്. മാനം പോകാതിരിക്കുക എന്നതാണ് ആദ്യ പാഠം. വൈകീട്ടുള്ള പരിപാടിക്ക് രാവിലെ സ്ഥലത്തെത്തുക, കഴിഞ്ഞാലും മടങ്ങാതെ ചുറ്റി തിരിയുക, ദൌര്‍ബല്ല്യങ്ങള്‍ക്ക് വഴി തേടുക, ഒടുക്കം സര്‍വ്വരേയും വെറുപ്പിക്കുക. ഇതൊകെയാണ് ദേശ-കാല ഭേദമെന്യേപല പ്രഗത്ഭ കലാകാരന്മാരെയും ജനങ്ങളില്‍ നിന്നും വിശേഷിച്ചു സംഘാടകരില്‍ നിന്നും അകറ്റിയത്. മട്ടന്നൂര്‍ അതിലും അപവാദമായി. വ്യക്തി ജീവിതം താളം തെറ്റാതെ സൂക്ഷിക്കുക, പൊതു വേദിയില്‍ ആദരണീയന്‍ ആവുക, പ്രശംസക്കും പരിഹാസത്തിനും മുന്നില്‍ കൃത്യമായ അകലം സൂക്ഷിക്കുക, ഇതെല്ലാം പ്രൊഫഷണലിസത്തിന്‍റെ മുഖ്യ ഭാഗങ്ങളാണ്. തന്‍റെ തൊഴിലിലുള്ള വ്യക്തതയും കൃത്യതയും ആണു ഇതിന്‍റെ കാതല്‍. തന്‍റെ പ്രവര്‍ത്തിപഥത്തില്‍ ഒരാളോടും അടിയറവു പറയാത്ത വിധം ഉറപ്പുണ്ടാകുക. ഇക്കാര്യത്തില്‍ മട്ടന്നൂര്‍ തീയില്‍ കുരുത്തവനാണ്. തൃത്താല കേശവന്‍, ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍, പല്ലാവൂര്‍ അപ്പു മാരാര്‍, പൂക്കാട്ടിരി ദിവാകര പൊതുവാള്‍ തുടങ്ങിയ തായമ്പകയിലെ മഹാമേരുക്കള്‍ക്കൊപ്പം ഡബിളുകൊട്ടി ഉറപ്പിച്ചാണ് മട്ടന്നൂര്‍ വളര്‍ന്നത്. ഒപ്പം കൊട്ടിയ മഹാന്മാര്‍ വീണ്ടും തങ്ങള്‍ക്കൊപ്പം ശങ്കരന്‍ മതിയെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്ന പേരിനു തായമ്പകയില്‍ എതിരില്ലാതായി തുടങ്ങി. മഹാരഥികള്‍ ഒന്നൊന്നായി ഒഴിയാന്‍ തുടങ്ങിയതോടെ വിഷണ്ണരായ ആസ്വാദകര്‍ക്ക് മുന്നില്‍ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. മലമക്കാവ് ശൈലിയും, തിരുവേഗപ്പുറ ശൈലിയും തലതല്ലി കീറും വിധം മത്സരിച്ചിരുന്ന കാലത്താണ് ഈ മാറ്റം. ഇരുകൂട്ടര്‍ക്കും ശങ്കരന്‍ കുട്ടി സ്വീകാര്യനായി. അല്ലെങ്കില്‍ സ്വകീയമായ ശൈലിയിലൂടെ ഏതു വിഭാഗത്തെയും വശീകരിക്കാവുന്ന ഒരു മാന്ത്രികത മട്ടന്നൂരിന്‍റെ കോലുകളില്‍ ഉണ്ടായിരുന്നു. അധികം വൈകിയില്ല മട്ടന്നൂര്‍ അനിഷേധ്യനായി.
ഈ ജൈത്രയത്രക്കിടയില്‍ മട്ടന്നൂര്‍ അടുത്ത പടിചവുട്ടി. രണ്ടു കൈകളും രണ്ടു കോലുകളും പോലെ തന്‍റെ രണ്ടു മക്കളെയും മട്ടന്നൂര്‍ ഇരുവശത്ത് ചേര്‍ത്ത് നിറുത്തി. അതും അവരുടെ വളരെ ചെറുപ്പത്തില്‍ തന്നെ. 'ട്രിപ്പിള്‍ തായമ്പക'. മട്ടന്നൂര്‍ത്രയം, മട്ടന്നൂര്‍ ശങ്കരരന്‍കുട്ടി, ശ്രീകാന്ത്, ശ്രീരാജ്. മട്ടന്നൂരിന്‍റെ മക്കള്‍ എന്ന നിലയില്‍ അദ്ഭുതം തോന്നിയില്ലെങ്കിലും മട്ടന്നൂരും മക്കളും ചേര്‍ന്നുള്ള തായമ്പക അദ്ഭുതം തന്നെയായിരുന്നു. അതിന്‍റെ അലയൊലി ഇന്നും ഒരു മാത്ര കുറഞ്ഞിട്ടില്ല. ഒരു സിനിമ കാണാനുള്ള ആവേശത്തോടെ ജനം ഇവരുടെ തായമ്പകക്ക് മുന്നിലേക്ക് ഒഴുകുന്നു.
പഞ്ചാരിമേളം ആയിരുന്നു അടുത്ത കൈവശഭുമി. പഞ്ചാരി മേളത്തിനും ഒരു താരപദവി നല്കാന്‍ മട്ടന്നൂരിന്‍റെ വരവുകൊണ്ട് സാധിച്ചു. മേളക്കാരുടെ സ്വപ്നഭുമികയായ തൃശ്ശൂര്‍ പൂരമടക്കം മട്ടന്നൂരും സംഘവും കീഴടക്കി. ആര്‍ക്കും ഏതു മേളത്തിനും ചേരാം എന്ന പതിവ് മട്ടന്നൂര്‍ തെറ്റിച്ചു. അതിനും കൃത്യമായ മുന്നൊരുക്കവും സംഘബലവും അദ്ദേഹം നടപ്പാക്കി.
മറ്റൊരു ചെണ്ടക്കാരനും അതുവരെ കൈവച്ചിട്ടില്ലാത്ത നക്ഷത്ര പദവിയിലേക്ക് മട്ടന്നൂരിനെ ഉയര്‍ത്തിയ മറ്റൊരു പ്രവര്‍ത്തി പഥം ആയിരുന്നു 'ഫ്യൂഷന്‍'. വിദേശങ്ങളിലും ഉത്തരേന്ത്യയിലെ മെട്രോ നഗരങ്ങളിലും മാത്രം അരങ്ങേറിയിരുന്ന ഈ മേള സംസ്കാരത്തില്‍ കേരളത്തിലെ ഒരു ചെണ്ടക്കാരന്‍ അണിചേര്‍ന്നു. ഉത്പതിഷ്ണുക്കള്‍ അദ്ഭുതത്തോടെയും യാഥാസ്ഥിതികര്‍ അസൂയയോടെയും ഇത് കണ്ടു നിന്നു. ഭാരതത്തിലെയും വിദേശത്തെയും പ്രഗത്ഭരായ സംഗീത-വാദ്യ വിദഗ്ദ്ധരോടോത്തു മട്ടന്നൂര്‍ വേദിയില്‍ നിറഞ്ഞു. വെറുതെ എണ്ണം തികക്കാന്‍ വേണ്ടിയുള്ള ഒരു ഉപകരണം ആയിരുന്നില്ല മട്ടന്നൂരിന്‍റെ ചെണ്ട. ധൂര്‍ത്തടിക്കാന്‍ വരുന്ന അന്യ വാദകന്മാര്‍ക്ക് ഒരു പേടി സ്വപ്നം ആയി മാറി മട്ടന്നൂര്‍. അക്ഷരാര്‍ത്ഥത്തില്‍ മട്ടന്നൂര്‍ പറക്കുകയായിരുന്നു. മറ്റൊരു കേരളീയ കലാകാരനും തൊടാനാവാത്ത ഉയരത്തിലെക്കും, ഉയരങ്ങളില്‍ കൂടിയും. ഈ വലിപ്പത്തിലും മട്ടന്നൂര്‍ സ്വന്തം നില മറന്നില്ല എന്നതാണ് അദ്ദേഹത്തെ ഇന്നും ജനഹൃദയങ്ങളില്‍ നില നിറുത്തുന്നത്. താന്‍ കൊട്ടി വളര്‍ന്ന ഇടങ്ങളില്‍ പതിവുണ്ടായിരുന്ന തന്‍റെ സാന്നിധ്യം ഒരു ഇടര്‍ച്ചയും കൂടാതെ അദ്ദേഹം നിലനിര്‍ത്തി. അതിനു ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ മറ്റൊന്നും പ്രതിബന്ധമായില്ല, സമയമോ, പ്രതിഫലമോ ഒന്നും. അതുകൊണ്ട് തന്നെ പദ്മശ്രീ മട്ടന്നൂ ശങ്കരന്‍കുട്ടി മാരാര്‍ ഇന്നും പഴയ ശങ്കരന്‍ ആയി നിലനില്‍ക്കുന്നു.
തയമ്പകയാണ് ഇന്നും അദ്ദേഹത്തിന്‍റെ മുഖ്യ തട്ടകം. ഈ കലയിലും അദ്ദേഹം മറ്റൊരു തലത്തില്‍ മാറ്റം വരുത്തി. മുന്‍പ് സൂചിപ്പിച്ച പ്രൊഫഷണലിസം. പരിപാടി ആരംഭികുന്നതിനു അല്പ സമയം മുന്‍പ് മാത്രം സ്ഥലത്തെത്തുക, സംഘാംഗങ്ങള്‍ അടക്കം എല്ലാവരുടെയും തികച്ചും മാന്യമായ പെരുമാറ്റം, തായമ്പക തുടങ്ങുന്നതിനു മുന്‍പ് എല്ലാവരും ഒന്നിചിരുന്നൊരു ചര്‍ച്ച, യൂണിഫോം ആയ വേഷവിധാനം. ചെണ്ടയുടെ കച്ചപോലും ഒരേ നിറം. സര്‍വ്വോപരി ഒരു വിഷയത്തിലും കശ പിശയില്ല. ഒരു തമാശ എന്തെന്നാല്‍ മട്ടന്നൂരിന്‍റെ കൂട്ടത്തില്‍ ആരും കാഴ്ചക്ക് കഷ്ടം തോന്നിക്കുന്നവര്‍ ഇല്ല. എല്ലാവരും സുന്ദര-സുഭഗ ശരീരികള്‍. ആദ്യ കയ്യടി അതിനു തന്നെ. മേളപ്പെരുക്കത്തിന്‍റെ ഹിമാലയം താണ്ടുമ്പോഴും സുസ്മേര വദനനായി മട്ടന്നൂര്‍ നിലകൊള്ളും. ജനം ഇളകി മറിയും. തായമ്പക കഴിഞ്ഞാല്‍ വൈകാതെ മടങ്ങും. മടക്കയാത്രയിലും കഴിഞ്ഞ പ്രവര്‍ത്തിയെ കുറിച്ച് ചര്‍ച്ച. ഇതെല്ലാം കൊണ്ടുതന്നെ ഒരിക്കല്‍ നടത്തിയാല്‍ സംഘാടകര്‍ക്ക് വീണ്ടും തായമ്പക ആവശ്യം വരുമ്പോള്‍ മനസ്സില്‍ മട്ടന്നൂര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ സുഹൃദ് വലയം അതി വിപുലമാണ്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കു പോലും അദ്ദേഹത്തിന് മുന്നില്‍ സ്ഥാനമുണ്ട്. അതുപോലെ തിരിച്ചും. ലോകപ്രശസ്ത വാദ്യ-സംഗീത വിദഗ്ധരായ, സാക്കീര്‍ ഹുസൈന്‍, ശിവമണി, ഉമയാള്‍പുരം തുടങ്ങി നമുടെ മോഹന്‍ലാലും ജയറാമും അടക്കം ജനസഹസ്രങ്ങള്‍ ആരാധിക്കുന്നവര്‍ മട്ടന്നൂരിന്‍റെ സുഹൃത്തെന്നു പറയാന്‍ തിടുക്കം കാട്ടുന്നു. ഇവരുടെ ഇടയില്‍ വിരാജിക്കുംപോഴും നാട്ടില്‍ തന്‍റെ കൊട്ടിനെ സ്നേഹിക്കുന്ന ഒരാളെയും കണ്ടില്ലെന്നു നടിക്കാന്‍, ഒന്ന് കുശലം ചോദിക്കാതിരിക്കാന്‍ മട്ടന്നൂര്‍ ശ്രമിക്കുന്നില്ല. എ.സി.കാറില്‍ നിന്ന് എ.സി.തിയേറ്ററില്‍ ഫ്യൂഷന്‍ അവതരിപ്പിക്കാന്‍ എത്തുന്ന അതെ ഔന്നത്യം തന്നെ ഒരു ആല്‍ത്തറയിലോ, പോരിവെയിലത്തോ തന്‍റെ തായമ്പകയൊ, മേളമോ അവതരിപ്പിക്കാന്‍ എത്തുമ്പോഴും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പുലര്‍ത്തുന്നു. നീലം കൂട്ടി മുക്കിയ കോട്ടന്‍മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും ഭസ്മ-ചന്ദന-കുങ്കുമ പൊട്ടുകളും അണിഞ്ഞു നമ്മുടെ തോളത്തു വന്നു കയ്യിടുന്ന ഈ മനുഷ്യനാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന നാദസ്വരൂപം, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍......................



